ദീപ നിശാന്തിന്റെ കവിതാ മോഷണം: ഇതുവരെ കോളേജ് തലത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട്

Jaihind Webdesk
Saturday, June 1, 2019

തൃശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയും ഇടത് സഹയാത്രികയുമായ ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തില്‍ യു.ജി.സിക്ക് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. ആരും പരാതി നല്‍കാത്തതിനാലാണ് അന്വേഷിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി ദിപ നിശാന്തില് നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് സാധ്യത.

കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തില്‍ നേരത്തെ ദീപാ നിശാന്തിനെതിരെ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നു. അധ്യാപക സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലില്‍ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവകവി എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിതയാണ് ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്.