ആഴക്കടല്‍ കരാറില്‍ പുതിയ ആരോപണം : ബോട്ടുകളുടെ കാലാവധി നിജപ്പെടുത്തിയത് ഇഎംസിസിക്കുവേണ്ടിയെന്ന് ഷിബു ബേബി ജോണ്‍

Jaihind News Bureau
Wednesday, March 3, 2021

കൊല്ലം : ഇ.എം.സിസിയുമായുള്ള ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരിനെതിരെ പുതിയ ആരോപണവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ബോട്ടുകളുടെ കാലാവധി എട്ടുവർഷമായി നിജപ്പെടുത്തിയത് ഇഎംസിസിയുടെ ട്രോളറുകൾക്ക് വേണ്ടിയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

തടി ബോട്ടിന് എട്ടുവർഷ കാലാവധിയും സ്റ്റീൽ ബോട്ടിന് പതിനഞ്ച് വർഷ കാലാവധിയുമാക്കി നിശ്ചയിച്ചത് കഴിഞ്ഞ നവംബറിലാണ്. ഇത് കരാർ മുന്‍കൂട്ടി കണ്ടാണെന്നും ലേല കമ്മീഷൻ ഈടാക്കാനുള്ള വ്യവസ്ഥയ്ക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന കരാറിനെതിരെ യുഡിഎഫിന്‍റെ മേഖലാ ജാഥകള്‍ പര്യടനം തുടരുകയാണ്. തെക്കന്‍ മേഖലാ ജാഥയ്ക്ക് ഷിബു ബേബി ജോണും വടക്കന്‍ മേഖലാ ജാഥയ്ക്ക്  ടി.എന്‍ പ്രതാപന്‍ എം.പിയുമാണ് നേതൃത്വം നല്‍കുന്നത്. രണ്ട് ജാഥകളും മാർച്ച് അഞ്ചിന് കൊച്ചിയില്‍ സംഗമിക്കും.