യൂണിവേഴ്സിറ്റി പരീക്ഷകൾ 21 മുതൽ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പ് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ജില്ല വിട്ട് യാത്ര ചെയ്തെത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുമൊ എന്നതടക്കം വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ച യൂണിവേഴ്സിറ്റി പരീക്ഷകൾ ഈ 21 ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സാമൂഹിക അകലം പൂർണമായി പാലിച്ച് കൊണ്ടാകും പരീക്ഷകൾ നടത്തുകയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ വിവിധ കോളേജുകളിൽ അന്യജില്ലകളിൽ നിന്നും ലക്ഷദീപ് അടക്കമുള്ള സ്ഥലങ്ങളിലും നിന്നുമുള്ള വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ലോക് ഡൗൺ തുടരുന്നതിനാൽ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ എങ്ങനെ കോളജുകളിൽ എത്തും, സ്വന്തം വാഹനമുള്ളവർ എത്തിയാൽ തന്നെ അവർക്ക് താമസിക്കാനുള്ള സൗകര്യം, തുടങ്ങിയ കാര്യങ്ങളിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
അതേസമയം വിദ്യാർത്ഥികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുമൊയെന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വിവിധ സാഹചര്യങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും ഉടനടി പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതിൽ എതിർപ്പുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും നിരവധി തവണ അപേക്ഷ നൽകിയിട്ടും ഈ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പരീക്ഷാ തീയതി നിശ്ചയിച്ചത്.
കൂടാതെ പല കോളേജുകളിലും സർക്കാർ, ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അവയിൽ പല കേന്ദ്രങ്ങളിലും രോഗബാധ സ്ഥിരീകരീച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ എങ്ങനെ പരീക്ഷ നടത്താനാകുമെന്നതിലും വ്യക്തമായ വിശദീകരണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കൊവിഡ് കാലത്തും വിദ്യാർത്ഥി ദ്രോഹ നടപടികൾ പിൻവലിച്ച് വിദ്യാർത്ഥികളുടെ ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകൾ 21ന് നടത്തുവാനുള്ള തീരുമാനം പ്രയാസകരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷം മാത്രമെ പരീക്ഷകൾ നടത്തുകയുള്ളുവെന്നും യൂണിവേഴ്സിറ്റി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.