സ്വർണ്ണക്കടത്ത് : കെ.ടി.ജലീലിനെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്‍റെ നിർണ്ണായക നീക്കം

Jaihind News Bureau
Sunday, October 18, 2020

സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്‍റെ നിർണ്ണായക നീക്കം. ഇന്നലെ ജലീലിന്‍റെ ഗണ്‍മാന്‍ പ്രജീഷിന്‍റെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ സിഡാക്കില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.കെ.ടി ജലീൽ ഈ ഫോൺ വഴി സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനിടെ മന്ത്രി കെ.ടി ജലീൽ സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴും മൊഴികളിലും വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ ഗൺമാന്‍റെ ഫോണിന് പുറമെ ഗൺമാന്‍റെ രണ്ട് സുഹൃത്തുക്കളുടെ ഫോണും കെ.ടി.ജലീൽ ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. കോൺസുലേറ്റ് വഴിയുള്ള പല കാര്യങ്ങൾക്കും ഔദ്യോഗിക ഫോൺ ഉപയോഗിക്കാതെ ഗൺമാൻ പ്രജീഷിന്‍റെ ഫോൺ ഉപയോഗിക്കുകയും ഇതിൽ നിന്നും വാട്സ് ആപ്പ്, എസ്.എം.എസ് സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഗൺമാൻ പ്രജീഷിന്‍റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തത്.

ജലീലിന്‍റെ നടപടികളില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധങ്ങളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവർ ഉന്നത ഉദ്യോഗസ്ഥർക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയതാണ് വിവരം. ജലീലിന്‍റെ മൊഴികള്‍ നേരത്തെ എൻ.ഐ.എ ദില്ലിയിലെയും ഹൈദരാബാദിലെയും ഓഫീസുകള്‍ക്കു കൈമാറിയിരുന്നു.

ഈത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസില്‍ മന്ത്രിയെ പ്രതിയായേക്കുമെന്നാണ് കസ്റ്റംസിൽ നിന്നും ലഭിക്കുന്ന സൂചന. മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചത് ജലീലിന് കാര്യങ്ങള്‍ അറിയാമായിരുന്നു എന്നതിനു തെളിവായിട്ടാണ് കസ്റ്റംസ് വിലയിരുത്തിയത്.

കൂടാതെ ജലീലിന്‍റെ സ്വത്ത് വിവരങ്ങൾ വിദേശയാത്രകള്‍ എന്നിവയെ കുറിച്ച് നൽകിയ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന വിദേശ യാത്ര നടത്തിയ സമയത്ത് മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ, യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

കസ്റ്റംസ് അന്വേഷണം കെ.ടി ജലീലിലേക്ക് എത്തുന്നതോടെ സി.പി.എമ്മും മുഖ്യമന്ത്രിയും ജലീലിന് ഒരുക്കിയ എല്ലാ കവചങ്ങളും പൊളിഞ്ഞ് വീഴുകയാണ്.