കൊവിഡ് ദുരിതത്തിനിടയിൽ നീറ്റ്-ജെ.ഇ.ഇ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഈ മാസം 28 ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ അഭ്യർത്ഥന അവഗണിച്ചാണ് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുംവിധം കേന്ദ്ര സർക്കാർ പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ വിദ്യാർഥികൾ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ പരീക്ഷകൾ ഓഫ്ലൈനായി സംഘടിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് വിദ്യാർത്ഥികൾക്കിടയിലും രക്ഷകർത്താക്കൾക്കിടയിലും ആശങ്കയുണ്ട്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിപ്പെടാനുള്ള യാത്രാസൗകര്യ പരിമിതികളും, താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളും വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നീറ്റ്-ജെ.ഇ.ഈ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. എന്നാൽ ഇതിനെതിരെ തികച്ചും നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഈ പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ തീരുമാനം എടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിപ്പിക്കാനും തീരുമാനമായി. വിദ്യാർത്ഥികളുടെ ആശങ്കകൾ ഏറ്റെടുത്ത് രാഹുൽ ഗാന്ധിയും പരീക്ഷകൾ മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ എൻ.എസ്.യു.ഐ ദേശീയ അധ്യക്ഷൻ നീരജ് കുന്ദന്റെ നേതൃത്വത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകർ ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് കെ.സി വേണുഗോപാൽ എം.പി അറിയിച്ചു. അന്നേദിവസം സമൂഹ മാധ്യമങ്ങളിലൂടെ “സ്പീക്ക് അപ്പ് ഫോർ സ്റ്റുഡന്റ്സ് സേഫ്റ്റി” എന്ന പേരിൽ ദേശീയതലത്തിൽ ഓൺലൈൻ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.