യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ തീരുമാനം

Jaihind News Bureau
Wednesday, December 4, 2019

യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ അനധികൃത താമസക്കാരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ തീരുമാനം. വിദ്യാർത്ഥികൾ അല്ലാത്തവരെ പുറത്താക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വാർഡന് നിർദേശം നൽകി. പുറത്തു നിന്നുള്ളവരെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

പാളയത്തെ ഗവൺമെന്‍റ് മെൻസ് ഹോസ്റ്റലിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ അന്തേവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടിയത്. അന്തേവാസികളുടെ എണ്ണം, ഇവർക്കു മുറി അനുവദിച്ചതിന്‍റെ മാനദണ്ഡം. അനധികൃതമായി ആരൊക്കെ താമസമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഡയറക്ടർ ആരാഞ്ഞത്. ഹോസ്റ്റലില്‍ വച്ച് എസ്.എഫ്.ഐ നേതാവ് കെ.എസ്.യു വിദ്യാര്‍ഥിയെ ആക്രമിച്ചതായിരുന്നു സംഘർഷങ്ങളുടെ തുടക്കം.

വിദ്യാര്‍ത്ഥിപോലുമല്ലാതെ വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്നയാളാണ് മഹേഷെന്നും ഇത്തരത്തില്‍ ഒട്ടേറെപ്പേരുണ്ടെന്നും പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് താമസക്കാരുടെ വിവരം തേടിയത്. ഹോസ്റ്റലിൽ 313 വിദ്യാർത്ഥികൾ താമസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾ അല്ലാത്തവരെ പുറത്താക്കുന്നതുൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. പുറത്തു നിന്നുള്ളവരെ ഇനി മുതൽ ഹോസ്റ്റലിൽ പ്രവേശിപ്പിക്കില്ല. പൂർവ വിദ്യാർത്ഥികൾക്കും ഇനി ഹോസ്റ്റലിൽ പ്രവേശനമില്ല.