ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണം എന്ന പ്രതിപക്ഷ പ്രമേയ നോട്ടീസ് വെളളിയാഴ്ച കാര്യോപദേശക സമിതി ചർച്ച ചെയ്യുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ പ്രമേയത്തെ എൽ.ഡി.എഫ് തള്ളി. അതേസമയം ബി.ജെ.പിയുടെ മുന്നിൽ നല്ല പിള്ള ചമയാനുള്ള ശ്രമമാണ് എൽ.ഡി.എഫിനെന്ന് കെ.സി ജോസഫ് എം.എൽ.എ ആരോപിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് സ്പീക്കർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം. വെള്ളിയാഴ്ച കാര്യോപദേശക സമിതി യോഗം ചേരും. ചട്ടപ്രകാരം പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം ചർച്ച ചെയ്യുമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ചർച്ചയുടെ സമയപരിധി നിശ്ചയിച്ചിട്ടില്ല.
കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞതിലൂടെ സഭയുടെ അന്തസിനെ ചോദ്യം ചെയ്യുകയും പ്രത്യേക അധികാരങ്ങളെ ഹനിക്കുകയും ചെയ്തു എന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്. ആദ്യമായാണ് ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് സഭയില്‍ നോട്ടീസ് വരുന്നത്. 1989 ല്‍ അന്നത്തെ സ്പീക്കർ വർക്കല രാധാകൃഷ്ണന്‍റെ റൂളിംഗ് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്.
അതേസമയം പ്രതിപക്ഷ നേതാവിന്‍റെ പ്രമേയത്തെ തള്ളി എല്‍.ഡി.എഫ് കണ്‍വീനർ എ വിജയരാഘവന്‍ രംഗത്തുവന്നു. സർക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കാനുള്ള ശ്രമമാണെന്നാണ് വിജയരാഘവന്‍റെ ആരോപണം. എന്നാല്‍ എല്‍.ഡി.എഫ് പ്രമേയത്തെ നിരാകരിക്കുന്നത് ബി.ജെ.പിയുടെ മുന്നില്‍ നല്ലപിള്ള ചമയാനാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു. മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും നീക്കത്തിലെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.