സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശി ഖദീജക്കുട്ടി

Jaihind News Bureau
Thursday, May 21, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടി (73) ആണ് മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ മുംബൈയിൽ നിന്നെത്തിയത്. തൃശൂര്‍ ജില്ലയില്‍ കൊവിഡ് മരണം ഉണ്ടാകുന്നത് ഇതാദ്യമാണ്.

മുംബൈയില്‍ നിന്ന് കാറില്‍ പാലക്കാടുവഴിയാണ് ഇവർ എത്തിയത്. പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മറ്റ് മൂന്ന് പേരോടൊപ്പം യാത്ര ചെയ്ത് വന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ പാർട്ടീഷൻ ഉള്ള ആംബുലൻസുമായി ചെന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അതിന് മുൻപേ മരണം സംഭവിച്ചു. നേരത്തെ തന്നെ പ്രമേഹവും രക്താദി മർദ്ദവും ശ്വാസതടസവും ഉണ്ടായിരുന്ന ഇവർ ഇതിന് ചികിൽസയിലായിരുന്നു. മരണപ്പെട്ടതിനെ തുടർന്ന് സ്രവങ്ങൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആയതിന്റെ അടിസ്ഥാനത്തിൽ മകനും ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്‍റെ ഭാര്യയാണ് മരിച്ച ഖദീജക്കുട്ടി. മക്കൾക്കൊപ്പം താമസിക്കാനാണ് ഇവർ മുംബൈക്ക് പോയത്.

ഇതോടെ ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തെ കൊവിഡ് മരണം നാലായി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ കണക്കുപ്രകാരം ഇത് അഞ്ചാണ്. കേരളത്തില്‍ ചികത്സയിലിരിക്കെ മരണമടഞ്ഞ മാഹി സ്വദേശിയുടെ മരണവും കേന്ദ്ര സർക്കാരിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.