രാഹുൽ ഗാന്ധിക്ക് വധഭീഷണി; മധ്യപ്രദേശില്‍ സ്ഫോടന പരമ്പര ഉണ്ടാകുമെന്ന് ഭീഷണി കത്ത്

Jaihind Webdesk
Friday, November 18, 2022

ഇന്‍ഡോര്‍: രാഹുൽ ഗാന്ധിക്ക്( Rahul Gandhi ) വധഭീഷണി, മധ്യപ്രദേശിൽ ഭാരത് ജോഡോ(Bharat Jodo Yatra) യാത്ര പ്രവേശിക്കുമ്പോള്‍ നഗരത്തിൽ സ്ഫോടന പരമ്പര ഉണ്ടാകുമെന്ന ഭീഷണി കത്ത് ലഭിച്ചതായി പോലീസ് അറിയിച്ചു.   മധ്യപ്രദേശിലെ( Madhyapradesh ) ഇൻഡോറില്‍  മധുരപലഹാരക്കടയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഭാരത് ജോഡോ യാത്രയ്ക്കായി അവിടെയെത്തുകയും പ്രാദേശിക സ്റ്റേഡിയത്തിൽ രാത്രി തങ്ങുകയും ചെയ്താൽ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്.പാർട്ടിയുടെ മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥിനുമെതിരെ വധശ്രമം ഉണ്ടാകുമെന്നും കത്തിലുണ്ട്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ  നടക്കുന്ന  ഭാരത് ജോഡോ യാത്ര നവംബർ 28 മുതൽ 30 വരെ മധ്യപ്രദേശിലൂടെ കടന്നുപോകാനിരിക്കെ ലഭിച്ച ഭീഷണി കത്ത്  സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്.  കത്ത് ഹിന്ദിയിൽ എഴുതിയതാണെന്ന് സ്ഥിരീകരിച്ച കടയുടമ അജയ് സിംഗ് കത്ത് പോലീസിന് കൈമാറി. അജ്ഞാതനായ പ്രതിക്കെതിരെ കേസെടുത്തതായി ഇൻഡോർ പോലീസ് അറിയിച്ചു. കത്ത് ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ കടയ്ക്ക് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കത്തിലെ ഉള്ളടക്കം വളരെ ഗൗരവമുള്ളതാണെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ സിംഗ് പറഞ്ഞു.