എഐഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വധഭീഷണിയെന്ന് ജില്ലാ നേതൃത്വം

Jaihind News Bureau
Tuesday, July 16, 2019

AISF-SFI-death-threat

എഐഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.അഗേഷിന് എസ്.എഫ്.ഐ.ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് ജില്ലാ നേതൃത്വം. മറ്റൊരു ഇടതുപക്ഷസംഘടനയുടെ നേതൃത്വത്തിലിരിക്കുന്നവരെ പോലും ഭീഷണിപ്പെടുത്താൻ തയ്യാറായ പക്വതയില്ലാത്തവരാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിലിരിക്കുന്നതെന്ന് എഐഎസ്എഫ് കണ്ണൂർ ജില്ലാ നേതൃത്വം. എസ്എഫ്‌ഐ നടത്തുന്നത് ലജ്ജാകരമായ പ്രവർത്തനമെന്നും എഐഎസ്എഫ്.

ജൂലൈ എട്ടിന് രാത്രി എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം.അഗേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് എഐഎസ്എഫ് നേതാക്കൾ പറയുന്നത്. ചിന്മയ കോളേജിൽ സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.നടത്തിയ സമരരീതിക്കെതിരെ എ.ഐ.എസ്.എഫ്. നിലപാട് സ്വീകരിച്ചിരുന്നു. സ്ഥാപനം അടിച്ചുതകർക്കുന്ന രീതിയിലുള്ള സമരരീതി വിദ്യാർത്ഥി സംഘനാപ്രവർത്തനത്തെ കലാലയത്തിൽ നിന്ന് അകറ്റുന്നതിനും പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നതിനും വഴിയൊരുക്കുമെന്ന് എ.ഐ.എസ്.എഫ്. പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തെ കുറിച്ച് ഷിബിൻ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്തതെന്ന് അഗേഷ് പ്രസ്താവനയിൽ പറഞ്ഞു.

എസ് എഫ് ഐ യുടെ നിലപാടുകൾക്കെതിരെ പ്രസ്താവന ഇറക്കിയതിന് ജില്ലാ സെക്രട്ടറി എം.അഗേഷിനെ ഫോണിൽ വിളിച്ച് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി കൊലവിളി നടത്തിയതായാണ് എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിൽ പറയുന്നത്. ഇനി ഇങ്ങനെയാണ് മുന്നോട്ട് പോകാൻ ഉദ്യേശമെങ്കിൽ എന്ത് ചെയ്യണമെന്ന് നമുക്ക് അറിയാമെന്ന് ഭീഷണിപ്പെടുത്തിയതായും എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിൽ പറയുന്നു. ഭീഷണി പെടുത്തിയ സംഭവം എ.ഐ.എസ്.എഫ്.നേതാക്കൾ സി.പി.ഐ.ജില്ലാനേതൃത്വത്തെ അറിയിക്കുകയും സി പി ഐ നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് തൽക്കാലം പോലീസിൽ പരാതി നൽകേണ്ടതില്ലെന്നും സി.പി.എം.നേതൃത്വത്തെ സമീപിക്കാമെന്നുമാണ് സി പി ഐ തീരുമാനം.