തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണം: സര്‍ക്കാര്‍ ആശുപത്രിയോട് റിപ്പോർട്ട് തേടി പോലീസ്, മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം

 

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണത്തില്‍ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ ശവപ്പെട്ടിയുമായാണ് പ്രതിഷേധം. മൃതദേഹം വിട്ടു നല്‍കുന്നത് താമസിപ്പിച്ചുവെന്നാണ് പരാതി. ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിൽ ആശുപത്രിയോട് പോലീസ് റിപ്പോർട്ട് തേടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം നടത്തുക. ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായും കണ്ടെത്തിയിരുന്നു. അതേസമയം കുഞ്ഞിന്‍റെ മരണകാരണം അറിയാനുള്ള നിര്‍ണായകമായ പത്തോളജിക്കൽ ഓട്ടോപ്സി ഇന്ന് നടത്തുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയോട് പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ആയിരിക്കും കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

തൈക്കാട് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞിന്‍റെ  മരണകാരണമെന്നാണ് കുട്ടിയുടെ പിതാവ് ലിബു ആരോപണമുന്നയിച്ചിരിക്കുന്നത്. സംഭവത്തിനു ശേഷം ആശുപത്രിക്കെതിരെ പോലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.

Comments (0)
Add Comment