തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം പ്രതിഷേധങ്ങൾക്കൊടുവിൽ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണകാരണം അറിയാൻ കുഞ്ഞിന്‍റെ മൃതദേഹം പത്തോളജിക്കൽ ഓട്ടോപ്സി നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് കൈമാറിയത്. കുഞ്ഞിന്‍റെ മൃതദേഹം വിട്ട് നൽകാത്തതിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ കുട്ടിയുടെ പിതാവും ബന്ധുക്കളും ഏറെ നേരം പ്രതിഷേധിച്ചിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ കുഞ്ഞ് ശവപ്പെട്ടിയുമായിട്ടാണ് ഇവർ പ്രതിഷേധം നടത്തിയത്. കുട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തൈക്കാട് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞിന്‍റെ മരണകാരണമെന്നാണ് കുട്ടിയുടെ പിതാവ് ലിബു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം ആശുപത്രിക്കെതിരെ പോലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.