സിദ്ധാർത്ഥന്‍റെ മരണം; 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

 

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥന്‍റെ മരണത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 വിദ്യാർത്ഥികള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിംഗ്, ആത്മഹത്യാപ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്‍റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും ഇത് കോടതി തള്ളുകയായിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനാണ് ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ചത്.

കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള ഉപാധിയിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർത്ഥന്‍റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങള്‍ നിഷേധിച്ച പ്രതികൾ വിദ്യാർത്ഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. കൽപ്പറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഇതാണ് സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്. സിദ്ധാർത്ഥനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യസഹായം പോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ ഡല്‍ഹി എയിംസിലെ മെഡിക്കൽ ബോർഡിന്‍റെ വിദഗ്ധോപദേശം തേടിയിരിക്കുകയാണ് സിബിഐ സംഘം.

Comments (0)
Add Comment