സിവില്‍ സർവീസ് വിദ്യാർത്ഥികളുടെ മരണം; അനുശോചിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ഡൽഹിയിലെ സിവിൽ സർവീസ് വിദ്യാർത്ഥികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ വീഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതമല്ലാത്ത നിർമ്മാണത്തിന്‍റെ പേരിൽ സാധാരണ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ ജീവിതം ഓരോ പൗരന്‍റെയും അവകാശമാണെന്നും അത് കാത്ത് സൂക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറിയതിനെ തുടർന്നാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവില്‍ സര്‍വീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്നത്. മുപ്പത് വിദ്യാര്‍ത്ഥികളായിരുന്നു സംഭവ സമയത്ത് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Comments (0)
Add Comment