വൈത്തിരിയിലെ യുവതിയുടെ മരണം : സിപിഎമ്മിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചേരിപോര് രൂക്ഷം; രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

Jaihind News Bureau
Wednesday, November 13, 2019

വയനാട്ടിലെ യുവതിയുടെ മരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകിയ സംഭവത്തിൽ സി പി എം കൂടുതൽ സമ്മർദ്ദത്തിലാകുന്നു. പാർട്ടിയിൽ ജില്ലാ സെക്രട്ടറിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചേരിപോര് രൂക്ഷമായതായി സൂചന. അതേസമയം, പാർട്ടി അംഗങ്ങൾക്ക് വിശദീകരണം നൽകാൻ സി പി എം വൈത്തിരി ഏരിയാ കമ്മറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം വൈത്തിരിയിൽ നടക്കും.

വയനാട് വൈത്തിരിയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സി പി എം വയനാട് ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികെയാണ്.ഈ സാഹചര്യത്തിൽ സി പി എം വൈത്തിരി ഏരിയ കമ്മിറ്റി പാർട്ടി അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ടിംഗ് നടത്തിയിരുന്നു.ജില്ലാ സെക്രട്ടറിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ന്യായികരിക്കാനും വിശദീകരിക്കാനുമാണ് റിപ്പോർട്ടിംഗ് നടത്തിയത്.ഇതിന് പിന്നാലെയാണ് ഇജങ വൈത്തിരി ഏരിയ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് സംഘടിപ്പിക്കുന്നത്. ഏതായാലും ജില്ലാ സെക്രട്ടറിക്കെതിരെ വലിയ ചേരിതിരിവാണ് അണികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടിയിൽ വലിയ രീതിയിലുള്ള വിഭാഗീയതക്കും സംഭവം വഴിവച്ചിട്ടുണ്ട്. വൈത്തിരി സ്വദേശിനി സക്കീന അബുബക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്ഭർത്താവ് ഷാജിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയത്. ദുരൂഹത തെളിയിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ഭർത്താവ് ഷാജി പറയുന്നു രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ഇയാൾ ആരോപിക്കുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് കോൺഗ്രസും മഹിളാ കോൺഗ്രസും താക്കീതു നൽകിയിരുന്നു.ഇത് സി പി എമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കി. ഈ പശ്ചാതലത്തിലാണ് വിശദീകരണ യോഗം നടത്താൻ പാർട്ടി നിർബന്ധിതരായത്.