കണ്ണൂര്‍: സംസ്ഥാനത്ത് സൂര്യഘാതമേറ്റ് ഒരു മരണം കൂടി. കണ്ണൂരിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നിടുമ്പ്രത്ത് കിണർ പണിക്കിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്.
ഉച്ചയോടെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ പള്ളൂർ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.