കാലവർഷക്കെടുതി നേരിടാന്‍ ‘ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീം’ രൂപീകരിച്ച് ഡീന്‍ കുര്യാക്കോസ് എം.പി

Jaihind News Bureau
Wednesday, June 3, 2020

 

ഇടുക്കി : കാലവർഷക്കെടുതി നേരിടാന്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സംഘം രൂപീകരിക്കുന്നു. സന്നദ്ധ സംഘടനകളെയും റസിഡൻസ് അസോസിയേഷനുകളെയും ദുരന്ത നിവാരണ രംഗത്ത് പരിചയ സമ്പന്നരായ  വ്യക്തികളെയും ഉള്‍പ്പെടുത്തി ‘ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീം’ എന്ന പേരിലാണ് സംഘം രൂപീകരിക്കുന്നത്.

പ്രളയ സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്ന യന്ത്രബോട്ടുകൾ, വള്ളങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സജ്ജമാക്കി വെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിവിധ പ്രദേശങ്ങളിൽ വ്യക്തികളുടെയും മറ്റും ഉടമസ്ഥതയിലുള്ള ചെറുവള്ളങ്ങളും, രക്ഷാ ഉപകരണങ്ങളും കണ്ടെത്തി അത്യാവശ്യ ഘട്ടത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

രണ്ട് പ്രളയങ്ങള്‍ സംസ്ഥാനത്തെ അതിതീവ്രമായി ബാധിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലായി ദുരന്തനിവാരണ സംഘം രൂപീകരിച്ചത്. അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യങ്ങൾ മുന്‍കൂട്ടി തയാറാക്കുന്നതിന്‍റെ ഭാഗമായാണ് ‘ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീം’ രൂപീകരിച്ചിരിക്കുന്നത്.