അഞ്ചുനാട്ടിനെ ആവേശക്കടലാക്കി ഡീന്‍ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം

Jaihind Webdesk
Friday, April 19, 2019

Dean-Kuriakose

അഞ്ചുനാട്ടിനെ ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് പര്യടനം ആവേശക്കടലായി മാറി. മേഖലയിലെ ആദിവാസി കുടികളിൽ നടന്ന പര്യടനത്തിനുശേഷം ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ നടത്തിയാണ് അഞ്ചുനാട് മേഖല ഒന്നാകെ ഡീൻ ഇളക്കി മറിച്ചത്.

മഴനിഴൽ പ്രദേശമായ മറയൂർ കാന്തല്ലൂർ വട്ടവട മേഖലയിൽ ആദിവാസികളും കർഷകരുമടങ്ങുന്ന ജനത ഡീൻ കുര്യാക്കോസിനെ ഹൃദയത്തിലേറ്റിയ കാഴ്ചയായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കണ്ടത്. ഇരുചക്രവാഹനങ്ങളിൽ പ്ലക്കാർഡുകളും കൊടിതോരണങ്ങളുമായി നൂറുകണക്കിന് യുവാക്കളുടെ സംഘം റോഡ് ഷോയിൽ അണി നിരന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആവേശപൂർവമാണ് പ്രവർത്തകർ ഒരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയത്.

കുട്ടികളും, സ്ത്രീകളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്. രാവിലെ വട്ടവട പഞ്ചായത്തിലെ കൊട്ടാകാമ്പൂരിൽ നിന്നായിരുന്നു ഡീൻ കുര്യാക്കോസിന്‍റെ അഞ്ചുനാട്ടിലെ പര്യടനത്തിന് തുടക്കമിട്ടത്. പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞാണ് ഇവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തുടർന്ന് കോവിലൂർ, വട്ടവട, കാന്തല്ലൂർ, മറയൂർ മേഖലകളിലും നിരവധി കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് പ്രൗഡ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. അഞ്ചുനാട് നിവാസികളുടെ ഏതൊരാവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് ഡീൻ കുര്യാക്കോസ് മടങ്ങിയത്.