ഇടുക്കി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മലയോര മണ്ണിന്റെ നിറം മാറുന്നുവോ? പ്രചാരണത്തില്‍ ആദ്യം ഏറെ മുന്നിട്ടു നിന്നിരുന്നത് എല്‍ഡിഎഫ് ആയിരുന്നെങ്കിലും ഇപ്പോള്‍ യു ഡി എഫ് ബഹുദൂരം മുന്നിലാണ് .. രാഹുല്‍ ഗാന്ധിയുടെ വരവോടെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ വീണ്ടും കേന്ദ്രീകരിച്ചത് അനുഗ്രഹമാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറെ അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള മുന്നണികളുടെ അണിയറ നീക്കങ്ങള്‍ സജീവമാണ് ..
കോണ്‍ഗ്രസിനോട് അകലം കാണിച്ചിരുന്ന ക്രൈസ്തവ സഭയും മലയോര മേഖലയും ഇത്തവണ പഴയ അകല്‍ച്ച കാണിക്കുന്നില്ല. കസ്തൂരിരംഗന്‍, ഗാഡ്ഡില്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ വിജയച്ചതെന്നതാണ് യുഡിഎഫ് പ്രചാരണം. പ്രളയാനന്തര കാര്‍ഷിക പ്രതിസന്ധികളും കര്‍ഷക ആത്മഹത്യകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ എംപിയെന്ന നിലയിലുള്ള പ്രവര്‍ത്തനം പരസ്യ വിചാരണയ്ക്കു വിധേയമാക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചത്.
എന്‍ഡിഎ മണ്ഡലത്തില്‍ അങ്കത്തിന് ഇറക്കിയിരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ ഒപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും ഇടുക്കിയില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നില്ലെങ്കിലും ഹൈന്ദവ വിശ്വാസികളെ അതു സ്വാധീനിക്കുമെന്നു തന്നെയാണ് എന്‍ഡിഎ നേതൃത്വത്തിന്റെ പ്രതീക്ഷ.
കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫ് പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. മലയോരമേഖലയും തോട്ടംമേഖലയും കേന്ദ്രീകരിച്ചാണ് എല്‍ഡിഎഫിന്റെ അവസാനഘട്ട പ്രചാരണങ്ങള്‍ നടക്കുന്നത്. തോട്ടം മേഖലയില്‍ നിന്നുള്ള യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന് കാര്യമായി കൂടുതലായി ലഭിച്ചിരുന്നു. സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ഈ വോട്ടുകള്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു. ഈ വോട്ടുകള്‍ പ്രാവശ്യം യു ഡി എഫിന് ലഭിക്കുമെന്നതാണ് യു ഡി എഫ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത് ..
. രാഷ്ട്രീയ ചരിത്രവും വോട്ടുകണക്കുകളും ചികഞ്ഞാല്‍ യു.ഡി.എഫിന് അനുകൂലമായ മണ്ഡലമാണിത്. എന്നാല്‍ കഴിഞ്ഞ തവണ കള്ളപ്രചാരണങ്ങള്‍ നടത്തി എല്‍ ഡി എഫ് വിജയിക്കുകയായിരുന്നു .. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് .
ഈ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനുള്ള അവസരമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ യു ഡി എഫ് കാണുന്നത് . രണ്ടു മാസത്തിനിടെയുണ്ടായ അഞ്ച് കര്‍ഷക ആത്മഹത്യകള്‍ എല്‍.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കത്തോലിക്കാ സഭ ഇക്കുറി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. ആരുടേയും പക്ഷം ചേരരുതെന്ന് ഇടുക്കി രൂപതാ ബിഷപ്പ് ആദ്യം തന്നെ പ്രഖ്യാപിച്ചത് യൂ.ഡി.എഫിന് ആശ്വാസമായി.
എല്‍.ഡി.എഫിനെ മറികടക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതോടെ പ്രചാരണത്തിന്റെ ഗ്രാഫ് പൊടുന്നനെ ഉയര്‍ന്നു. കേരള കോണ്‍ഗ്രസ്എം വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ പി.ജെ.ജോസഫ് എം.എല്‍.എ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതോടെ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിയായി.
എല്‍.ഡി.എഫ് ഭരണത്തിലെ പോരായ്മകളാണ് യു.ഡി.എഫിന്റെ കുന്തമുന. ജില്ലയിലെ കര്‍ഷക ആത്മഹത്യ, കാര്‍ഷിക വിളകളുടെ വിലയിടിവ്, പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ച, കാര്‍ഷിക കടങ്ങളുടെ മോറട്ടോറിയം പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം, മണ്ഡലത്തിലെ വികസന മുരടിപ്പ് തുടങ്ങിയവയാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധങ്ങള്‍. .
2009 ല്‍ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലായിരുന്നിട്ടും കോണ്‍ഗ്രസിലെ പി.ടി തോമസ് 74,796 വോട്ടുകള്‍ക്ക് വിജയിച്ചു . 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് പ്രതീക്ഷ പകരുന്നു. ഏഴില്‍ അഞ്ച് മണ്ഡലങ്ങളും എല്‍.ഡി.എഫിനെ തുണച്ചെങ്കിലും 19,068 വോട്ടിന്റെ മേല്‍ക്കൈ യു.ഡി.എഫ് നേടി.
തൊടുപുഴയില്‍ പി.ജെ ജോസഫ് നേടിയ 45,587 വോട്ടിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷമാണ് ഈ മുന്‍തൂക്കത്തിന് പിന്നില്‍. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ 9333 വോട്ടിനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സീസ് ജോര്‍ജിനെ പിന്തളളിയത്. കോതമംഗലത്ത് ആന്റണി ജോണ്‍ മാത്രമാണ് എല്‍.ഡി.എഫിന് 10000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടിക്കൊടുത്തത്19282. ദേവികുളം( എസ്.രാജേന്ദ്രന്‍5752), ഉടുമ്പഞ്ചോല( എം.എം മണി1109), പീരുമേട്(ഇ.എസ് ബിജിമോള്‍334), മൂവാറ്റുപുഴ ( എല്‍ദോ എബ്രഹാം9375) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം.
1977 ല്‍ മണ്ഡലം പിറന്നപ്പോള്‍ മുതല്‍ 1999 വരെ ഒരിക്കലൊഴികെ ഇടുക്കി യു.ഡി.എഫിനൊപ്പമായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവും ജനതാ ഭരണത്തില്‍ ലോകസഭാ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം സ്റ്റീഫനായിരുന്നു ആദ്യ വിജയി. ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍.ഡി.എഫിലായിരുന്ന 80 ല്‍ സി.പി.എമ്മിന്റെ എം.എം ലോറന്‍സ് പാര്‍ലമെന്റിലെത്തി. പക്ഷെ പിന്നീട് അഞ്ച് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ 99 ല്‍ ഫ്രാന്‍സീസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ പി.ജെ കുര്യനെ 9298 വോട്ടുകള്‍ക്ക്പരാജയപ്പെടുത്തി . 2004 ല്‍ ബെന്നി ബഹനാനെ 69384 വോട്ടുകള്‍ക്ക് കീഴ്‌പ്പെടുത്തി വീണ്ടും പാര്‍ലമെന്റിലെത്തിയ ഫ്രാന്‍സീസ് ജോര്‍ജിന് 2009 ല്‍ പി.ടി തോമസിന് മുന്നില്‍ അടിതെറ്റിയതും ചരിത്രം. പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി വിജയം കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളുമായി മുന്നണികള്‍ ആവനാഴിയിലെ അവസാന ആയുധവും എടുത്തു പ്രയോഗിക്കുമ്പോള്‍ ഇടുക്കിയില്‍ വിജയിക്കാമെന്ന ആല്‍മ വിശ്വാസത്തിലാണ് യു ഡി എഫ് .