വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിലക്കയറ്റത്തിനും, ഇന്ധന വിലവർധനവിനുമെതിരെ വ്യാപാര സമൂഹവും വിധിയെഴുതുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. കർണാടക ഉൾപ്പടെയുള്ള സമീപ സംസ്ഥാനങ്ങൾ ഇന്ധനവിലയിൽ നികുതി ഇളവ് വരുത്തിയപ്പോൾ കേരളം അതിന് തയ്യാറാകാത്തതിൽ വ്യാപാരികൾക്ക് പ്രതിഷേധമുണ്ടെന്നും നസറുദ്ദീൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
ദിവസംതോറുമുള്ള ഇന്ധന വില വർധനവിൽ പൊതുജനങ്ങളോടൊപ്പം വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്. എന്നാൽ കടകളടച്ചുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളിയാകും. അതിനാൽ തെരഞ്ഞെടുപ്പിലൂടെ ശക്തമായ പ്രതികരണത്തിന് കാത്തിരിക്കുകയാണ് വ്യാപാരി വ്യവസായികൾ. കേന്ദ്രത്തോടൊപ്പം, സംസ്ഥാന സർക്കാരിനെതിരെയും വ്യാപാരികൾക്ക് കടുത്ത അമർഷമുണ്ട്.
ഒറ്റ രാജ്യം ഒറ്റ നികുതി എന്നാണെങ്കിൽ ജി എസ് ടിയിൽ പെട്രോളിനേയും ഡീസനിലേയും ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാകണം. കർണാടകയുൾപ്പടെ പല സംസ്ഥാനങ്ങളും ഇന്ധന നികുതിയിൽ കുറവ് വരുത്തിയപ്പോൾ കേരള സർക്കാർ അതിന് തയ്യാറാകുന്നില്ല. മുൻ യുഡിഎഫ് സർക്കാർ ഇന്ധന നികുതി കുറച്ച് മാതൃകയായെന്നും ടി നസറുദ്ദീൻ ചൂണ്ടിക്കാട്ടി.