തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്‍റെ വകഭേദങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഫ്രിക്കന്‍, ബ്രിട്ടീഷ് വകഭേദങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദം കൂടുതല്‍ വടക്കന്‍ കേരളത്തിലാണ്. ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ദൗര്‍ലഭ്യം തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്സിന്‍ ഇതുവരെ ലഭിച്ചില്ല. 57,58,000 പേര്‍ക്ക് ഒരു ഡോസും 10,39,000 പേര്‍ക്ക് രണ്ട് ഡോസും നല്‍കി. 80ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്. കൊവിഡ് കാരണം രക്തദാനം പ്രതിസന്ധിയിലാണ്. വാക്സിന്‍ എടുക്കുന്നതിന് മുമ്പ് യുവാക്കള്‍ രക്തദാനത്തിന് തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് വാക്സിന്‍ എടുത്താല്‍ ഒരുമാസം രക്തദാനം പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം. വീടുകള്‍ക്കുള്ളിലും പുറത്തും ഓരോനിമിഷവും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.