ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി; ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികള്‍

 

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തകരപ്പറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

അതിസങ്കീർണ്ണമായ രക്ഷാദൗത്യത്തിനായി നാവികസേനയുടെ സംഘവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫയർ ഫോഴ്സിന്‍റെ സ്കൂബാ ടീം റെയിൽവേ സ്റ്റേഷനിലെ വിവിധ മാൻഹോളുകൾ വഴി ടണലിൽ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അതിനു പുറമേ ടണലിലേക്ക് വെള്ളം പമ്പ് ചെയ്തും തടഞ്ഞു നിർത്തിയും തുറന്നു വിട്ടുമൊക്കെ തിരച്ചിൽ തുടർന്നിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചിരുന്നു. സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി 9 മണിക്ക് ശേഷം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ശുചീകരണ തൊഴിലാളി ജോയി ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ പെട്ട് കാണാതായത്.

Comments (0)
Add Comment