തിരുവനന്തപുരം നഗരമധ്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസ്

Jaihind News Bureau
Thursday, November 28, 2019

തിരുവനന്തപുരം നഗരമധ്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വാടകക്ക് താമസിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി സ്റ്റാൻലി ജോസാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മകളും വിദേശത്താണ്.

തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിൽ വികാസ് ലെയിനില്‍ മുൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയും ഭർത്താവും താമസിക്കുന്ന വീടിന്‍റെ രണ്ടാം നിലയിലെ മുറിയിൽ തീ ആളിപ്പടരുന്നത് അയൽവാസികളാണ് കണ്ടത്. വിവരം അറിഞ്ഞ് ഫയർഫോഴ്സും പൊലീസും എത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ മുറിയും കത്തിനശിച്ച നിലയിലാണ്.

teevandi enkile ennodu para