കെ.സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പദവിക്ക് നിരക്കാത്തത് : ജി ദേവരാജന്‍

Jaihind Webdesk
Saturday, June 19, 2021


കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജില്‍ വച്ച് നടന്നൂവെന്നു പറയുന്ന സംഭവങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് യാതൊരു പ്രസക്തിയുമില്ല. മറ്റാരോ പറഞ്ഞുകേട്ട വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഭൂഷണമല്ല.

കൊവിഡ് മഹാമാരി മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കാന്‍ യോജിച്ചുള്ള പരിശ്രമങ്ങള്‍ നടത്തേണ്ടതിനു പകരം അനാവശ്യ വിവാദങ്ങളുണ്ടാക്കി വാക്പോര് നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. വിദ്യാലയങ്ങള്‍ തുറക്കാത്തതു മൂലവും പരീക്ഷകള്‍ യഥാസമയം നടക്കാത്തതു മൂലവും വിദ്യാര്‍ത്ഥികളും രക്ഷിതാക്കാളും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ കോവിഡ് വ്യാപനം കുറയ്ക്കാനും മൂന്നാം തരംഗം ഒഴിവാക്കാനും എല്ലാവരുടേയും പിന്തുണ തേടേണ്ടുന്ന സര്‍ക്കാര്‍, പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയോട് യുദ്ധം പ്രഖ്യാപിക്കുന്നത് കേരളത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും, നിയമം ലംഘിച്ച് ഉത്തരവിറക്കി സംസ്ഥാനത്ത് വ്യാപകമായ മരം കൊള്ള നടക്കുന്നതില്‍ നിന്നും ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടാനുള്ള ശ്രമങ്ങളായി മാത്രമേ മുഖ്യമന്ത്രിയുടെ അനവസരത്തിലുള്ള ഈ പരാമര്‍ശങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. കേരളത്തിന് ഒട്ടും പരിചിതമല്ലാത്ത നിലവാരം കുറഞ്ഞ വാക് യുദ്ധം അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ട നേതാക്കള്‍ തയ്യാറാകണമെന്നും ദേവരാജന്‍ അഭ്യര്‍ത്ഥിച്ചു