ശബരിമല : പിടിവാശിയിൽ അയവുവരുത്തി ദേവസ്വം ബോർഡും സർക്കാരും

പിടിവാശി ഉപേക്ഷിച്ച് ദേവസ്വം ബോർഡും സർക്കാരും അയയുന്നതിന്‍റെ ലക്ഷണങ്ങൾ ആണ് ശബരിമലയിൽ കാണുന്നത്. വരുമാനത്തിൽ വൻ കുറവുണ്ടായതും  നിരോധനാജ്ഞയ്ക്കും പോലീസ് നടപടികള്‍ക്കും എതിരെ വൻ പ്രതിഷേധം നിയമസഭയിലും പുറത്തും ഉയർന്നു വന്നതിനെ തുടർന്നുമാണ് ഈ നിലപാട് മാറ്റം.

നിരോധനാജ്ഞയും പോലീസ് നടപടികളും മൂലം ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം നാലിലൊന്നായി കുറയുകയും ദേവസ്വം ബോർഡിന്‍റെ വരുമാനത്തിൽ 25 കോടി രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് കടുത്ത നിലപാടിൽ നിന്നുമുള്ള ഈ പിൻമാറ്റം. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ പോലീസ് നിലപാടുമൂലം നെയ്യഭിഷേകം പോലും നടത്താൻ കഴിയാതെ തിരിച്ചു പോകേണ്ടി വരികയും, ശരണം വിളിച്ചവരെ അറസ്റ്റു ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ നിന്നും ഇപ്പോൾ ശരണം വിളിക്കുന്നതിന് നിയന്ത്രണമില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇന്നലെ പറഞ്ഞത്.

നടപ്പന്തലിൽ വിരി വയ്ക്കുന്നതിനുള്ള തടസ്സം ഉണ്ടായിരുന്ന സാഹചര്യം മാറിയതായും പത്മകുമാർ പറഞ്ഞു. വാവർ സ്വാമി നടയ്ക്കു മുന്നിലെ ബാരിക്കേട് നീക്കുന്ന കാര്യം DGP യുമായി സംസാരിച്ചിട്ടുണ്ടെന്നും അവിടെ നാമജപം അനുവദിക്കുന്ന കാര്യം പോലീസുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കുന്നു. നിരോധനാജ്ഞ നീക്കുന്ന കാര്യത്തിൽ പോലീസും ഗവൺമെന്‍റും ചേർന്ന് തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. വൈകുന്നേരം ദേവസ്വം മന്ത്രി ശബരിമലയിൽ എത്തുന്നുണ്ട്. വരുമാനം കുറഞ്ഞതും ഭക്തരെത്താത്ത സാഹചര്യവും പൊതുജനാഭിപ്രായം എതിരായതും മൂലം നിരോധനാജ്ഞ പിൻവലിക്കാനുള്ള സാധ്യതയും ഏറെയാണ്‌. ജയ് ഹിന്ദ് ന്യൂസ് സന്നിധാനം.

Sabarimalaa padmakumarpinarayi vijayan
Comments (0)
Add Comment