യുഎഇയിലും ഖത്തറിലും കൊവിഡ് മരണങ്ങള്‍ ഇല്ലാത്ത ദിനം : ഗള്‍ഫില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് ; ഒമാനില്‍ ഒരു ദിനം 12 മരണം


ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, കൊവിഡ് മൂലം ഒരൊറ്റ മരണം റിപ്പോര്‍ട്ട് ചെയ്തില്ല. ജൂലൈ മാസത്തില്‍ ഇത് മൂന്നാം തവണയാണ് കൊവിഡ് മരണങ്ങളില്ലാത്ത ദിനം കടന്നുപോകുന്നത്. യുഎഇയുടെ പ്രതിരോധ നടപടികള്‍ ഫലം കാണുന്നതിന്‍റെ ഭാഗമാണ് മരണം സംഭവിക്കാതിരിക്കുന്നതെന്നും, രോഗികളുടെ എണ്ണം കുറയുന്നതെന്നും വിലയിരുത്തലുണ്ട്. അതേസമയം, 313 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്ന് യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.  393 പേര്‍ കൊവിഡ് മുക്തരായി.  

ഖത്തറില്‍ 330 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ശനിയാഴ്ച 398 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടൊപ്പം, 330 പേര്‍ക്ക് രോഗമുക്തി. ഇതോടെ, സുഖം പ്രാപിച്ചവരുടെ എണ്ണം 1,05,750 എത്തി. ഖത്തറില്‍ കോവിഡ് മരണം ഇല്ലാത്ത തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,326  പേരില്‍ നടത്തിയ പരിശോധനയിലാണ് 398 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 164 ആണ്.

ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കൊവിഡ്

ഒമാനില്‍ ശനിയാഴ്ച 1,067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 74,858 ആയി ഉയര്‍ന്നു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 959 പേരും ഒമാന്‍ പൗരന്‍മാരും 108 പ്രവാസികളുമാണ്. കൊവിഡ് ബാധിതരായി 12 പേര്‍ കൂടി മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 371 ആയി. 24 മണിക്കൂറിനിടെ 1,054 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി. ഇതോടെ ഒമാനില്‍ കൊവിഡിനെ അതിജീവിച്ചവരുടെ എണ്ണം 54,061 ആയി.

Comments (0)
Add Comment