കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

Jaihind Webdesk
Sunday, October 31, 2021

കോഴിക്കോട് : കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.