BREAKING NEWS : നിപയുടെ മറവിലെ ഡാറ്റാ വില്‍പന മറ നീക്കി പുറത്ത്

Jaihind News Bureau
Thursday, April 23, 2020

കേരളത്തില്‍ നിപ രോഗ പരിശോധന നടത്തിയവരുടെ ഡാറ്റയും അമേരിക്കയ്ക്ക് മറിച്ചു നല്‍കി. നിപ വൈറസ് പരിശോധനയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പങ്കാളിയായ മണിപ്പാല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആണ് ഡാറ്റ അമേരിക്കന്‍ ഏജന്‍സിക്ക് മറിച്ച് നല്‍കിയത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്റ്ഷന്‍ നിന്നും അനുമതിയില്ലാതെ വിദേശ ഫണ്ടിംഗ് കൈപ്പറ്റിയതിനും ഹെല്‍ത്ത് മിനിസ്റ്റേഴ്‌സ് കൗണ്‍ിസിലിന്റെ അനുമതിയില്ലാതെ ഡാറ്റ കൈമാറിയതിനും ഇപ്പോള്‍ മണിപ്പാല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ചിനെ കേന്ദ്രസര്‍ക്കാര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെയാണ് നിപയ്ക്ക് മറവിലെ ഡാറ്റ കച്ചവടവും മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്.

മണിപ്പാല്‍ സെന്‍റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് (എം.സി.വി.ആര്‍) ആണ് 2018-ല്‍ കേരളത്തിലുണ്ടായ നിപ്പ വൈറസ് ബാധ കണ്ടുപടിച്ചത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പങ്കാളികളിലൊന്നായിരുന്നു എം.വി.സി.ആര്‍. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും( എന്‍.സി.ഡി.സി) നിപ വൈറസ് പരിശോധനയ്ക്കുള്ള സ്വകാര്യ ലാബുകളുടെ പട്ടികയില്‍ എം.സി.വി.ആറിനെ ഉള്‍പ്പെടുത്തി. കേരള സര്‍ക്കാരിന്റെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇപ്പോള്‍ ഇതേ സെന്ററിനെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്റ്ഷന്‍ ( സി.ഡി.സി.പി)യില്‍ നിന്നും അനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റിയത് അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാണ് എം.സി.വി.ആറിനെ അയോഗ്യരാക്കിയിരിക്കുന്നത്.

അമേരിക്കയിലെ പ്രധാന പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സി.സി.ഡി.പി ഇന്ത്യയില്‍ നടത്തി വന്ന നിരീക്ഷണം നേരത്തെ തന്നെ കേന്ദ്രആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിനെ ആഭ്യന്തരമന്ത്രാലയം എതിര്‍ക്കുകയും ചെയ്തു. ഇതേ സി.ഡി.സി.പിയിലെ ഉദ്യോഗസ്ഥന്‍ എം.സി.വി.ആര്‍ ജീവനക്കാര്‍ക്ക് നിപ്പ വൈറസ് പരിശോധന സംബന്ധിച്ച പരിശീലനം നല്‍കിയിരുന്നുവെന്നും വിദേശകാര്യമന്ത്രാലയത്തിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതീവ ഗുരുതരമാണ് ഈ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ അയോഗ്യരാക്കിയതിന് പുറമേ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്ത എം.സി.വി.ആറിനുള്ള ഫണ്ടിംഗ് നിര്‍ത്താനും കേന്ദ്രആഭ്യന്തരമന്ത്രാലയം സി.ഡി.സി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയും അനുമതി വാങ്ങിയ ശേഷം മാത്രമേ ഇന്ത്യയില്‍ ഫണ്ടിംഗ് നടത്താവൂ എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതീവ ഗൗരവമാണ് ഈ സംഭവ വികാസങ്ങള്‍. ഇക്കാലയളവില്‍ കേരളത്തിലെ ആരോഗ്യ സെക്രട്ടറി രാജീവ് സദാന്ദനാണെന്നതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അതേ സദാനന്ദനെയാണ് ഇപ്പോള്‍ സ്പ്രിങ്ക്‌ളര്‍ വിവാദത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.