തിരുവനന്തപുരം : മുൻ എം.പി പി.കെ ബിജുവിന്‍റെ ഭാര്യ ഡാറ്റ പകർത്തിയെന്ന പരാതിക്ക് പിന്നാലെ ഇവരുടെ ഗവേഷണ ഗൈഡ് അടക്കമുള്ള മുതിർന്ന അധ്യാപകരും ഡാറ്റ തിരിമറികൾ നടത്തിയെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ ഗവർണർക്കും യുജിസി ചെയർമാനും പരാതി നല്‍കി.
പി.കെ ബിജുവിന്‍റെ ഭാര്യ വിജി വിജയന്‍റെ ഗവേഷക ഗൈഡും സർവകലാശാല സെനറ്റംഗവുമായ പ്രൊഫ. ഹെലൻ ആന്‍റണി, വിജിയെ സർവകലാശാലയിൽ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗവും ബയോ കെമിസ്ട്രി വകുപ്പ് മേധാവിയുമായ പ്രൊഫ. എസ് മിനി, വിജി വിജയനോടൊപ്പം കേരള സർവകലാശാലയിൽ നിയമിതനായ അസിസ്റ്റന്‍റ് പ്രൊഫസർ പി.എ ജനീഷ് എന്നിവർക്കെതിരെയാണ് ഇപ്പോള്‍ പരാതി ഉയർന്നിരിക്കുന്നത്. ഇവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിലും വിജിയുടേതുപോലെ തന്നെ ഡാറ്റാ തട്ടിപ്പുകളുണ്ടെന്നാണ് ആക്ഷേപം. ഡാറ്റാ തട്ടിപ്പിന്‍റെ വിശദാംശങ്ങളും തെളിവുകളുമടക്കമാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്. കേരള സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്.
ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെ കൊണ്ട് ഡാറ്റാ തട്ടിപ്പ് പരിശോധിപ്പിക്കണമെന്നും പരാതികൾ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടാൽ ഇവരെ സർവകലാശാലയിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബയോകെമിസ്ട്രി പോലുള്ള സങ്കീർണ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ നിന്നും ഡാറ്റാ ഇമേജ് അടക്കം പകർത്തിയെടുത്ത് സ്വന്തം പ്രബന്ധങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചേർത്ത് പ്രസിദ്ധീകരിക്കുന്നത് കണ്ടുപിടിക്കാനായി രൂപം നൽകിയിട്ടുള്ള പബ് പിയർ എന്ന വെബ് പോർട്ടൽ വഴിയാണ് ഈ ഡാറ്റ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നിട്ടുള്ളത്.
പകർപ്പിനെക്കുറിച്ച് ആരോപണങ്ങളുയർന്നപ്പോൾ പ്രബന്ധങ്ങളിലെ തെറ്റുകൾ മനസിലാക്കാനുള്ള മാർഗമായാണ് പബ് പിയറിനെ താൻ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയൻ മുന്നോട്ടു വന്നിരുന്നു. തന്‍റേതിൽ മാത്രമല്ല മറ്റ് പലരുടെയും പ്രബന്ധങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ മറ്റ് അധ്യാപകരുടെ പ്രബന്ധങ്ങൾ കൂടി പബ് പിയർ വഴി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡാറ്റാ തട്ടിപ്പ് നടത്തി സമർപ്പിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് വിജി വിജയന് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം ലഭിച്ചത്.
ഉന്നതപഠന കേന്ദ്രങ്ങളായ സർവകലാശാലാ വകുപ്പുകളിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിച്ച് ഗവേഷണ നിലവാരം നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും, അക്കാദമിക് മികവ് തെളിയിച്ച ഉദ്യോഗാർത്ഥികളെ ഒഴിവാക്കി രാഷ്ട്രീയാടിസ്ഥാനത്തിലും മറ്റും അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടു.