കര്‍ണാടക കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവി; ഡി. കെ ചുമതലയേറ്റു, ആശംസകള്‍ നേര്‍ന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

Jaihind News Bureau
Thursday, July 2, 2020

കര്‍ണാടക പി.സി.സി അധ്യക്ഷനായി ഡി.കെ ശിവകുമാര്‍ ചുമതലയേറ്റു.  ബാംഗ്ലൂരില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. മുൻ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ ഐ സി സി ജനറൽ സെക്രട്ടറി മല്ലികർജ്ജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.

കർണാടകയിലെ കോണ്‍ഗ്രസിനെ മാസ് പാർട്ടിയിൽ നിന്ന് കേഡർ പാർട്ടിയാക്കി മാറ്റുമെന്ന്  ഡി കെ ശിവകുമാർ  സ്ഥാനം ഏറ്റെടുത്തുകൊണ്ട് പറഞ്ഞു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഡി കെയുടെ സ്ഥാനാരോഹണച്ചടങ്ങ്. 7800ലധികം കേന്ദ്രങ്ങളില്‍ ചടങ്ങ് ഓണ്‍ലൈനായി പ്രദർശിപ്പിച്ചു.

കർണാടകയിലെ കോണ്‍ഗ്രസിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഡി കെ ശിവകുമാറിന് കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടതും ജനങ്ങൾക്ക് ഏറെ സഹായം നൽകേണ്ട സമയവുമാണിത്. സ്ഥാനാരോഹണ ചടങ്ങിൽ നൽകിയ സന്ദേശത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതികരണം.

പാർട്ടിയെ ഐക്യത്തോടെ കൊണ്ടുപോകാൻ ഡി.കെയ്ക്ക് കഴിയുമെന്ന് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു. പ്രതിസന്ധികളെ നേരിടുന്നതില്‍ ഡി കെ ശിവകുമാറിന്‍റെ കഴിവ് മികച്ചതെന്ന് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയും പ്രതികരിച്ചു. പാർട്ടിയോട് എന്നും പ്രതിബദ്ധതയുള്ള നേതാവാണ് ഡി കെ ശിവകുമാർ. ബിജെപിയുമായി നിരന്തരം പോരാട്ടം നടത്തുന്ന നേതാവ്. ഡി കെയുടെ  നേതൃത്വത്തിൽ കർണാടകയിലെ കോണ്‍ഗ്രസ് അതിന്‍റെ  സുവർണ കാലഘട്ടത്തിലേക്ക് തിരിച്ചെത്താൻ പോകുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.