ചക്രവാതചുഴി രൂപപ്പെട്ടു; മഴ ശക്തമാകും, ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലർട്ട്

 

തിരുവനന്തപുരം: ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി ജൂണ്‍ ഒന്ന് മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. എന്നാല്‍ ഇത്തവണ രണ്ട് ദിവസം നേരത്തെയാണ് കേരളത്തില്‍ മണ്‍സൂണെത്തിയത്. ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്‍റെയും അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Comments (0)
Add Comment