നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തില്‍ ആറു മരണം

 

അഹമ്മദാബാദ്: ​ഗുജറാത്തില്‍ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിൽ ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കുന്നത്.

ഇന്നലെ വൈകിട്ട് ആറരയോടെ കരതൊട്ട ചുഴലിക്കാറ്റില്‍ പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വീടുകള്‍ തകരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 115 മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയത്. ഇന്നത്തോടെ കാറ്റിന്‍റെ തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

എട്ടു തീരദേശജില്ലകളില്‍നിന്നായി ലക്ഷത്തിലേറെപ്പേരെയാണ് ഒഴിപ്പിച്ചത്. 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ദുരന്തം എന്നര്‍ത്ഥമുള്ള ബിപോര്‍ജോയ് അറബിക്കടലില്‍ ഏറ്റവും കൂടുതല്‍ നിലനിന്ന കാറ്റാണ്. ജൂണ്‍ ആറിനാണ് ന്യൂനമർദ്ദം രൂപംകൊണ്ടത്.

 

*image courtesy: socialmedia
Comments (0)
Add Comment