തൃപ്തി ദേശായിയുടെ രണ്ടാം വരവിന് പിന്നിലും സി.പി.എമ്മോ?

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി വിധി വന്നത് മുതല്‍ യുവതീ പ്രവേശനം സാധ്യമാക്കാന്‍ മുന്നില്‍ നിന്ന ആളുകളിലൊരാളാണ് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി.  കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി തൃപ്തി ദേശായി എത്തിയതും കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാനാകാതെ മടങ്ങിയതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അതോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതും വൈറലായതുമാണ്  തൃപ്തി ദേശായിക്ക് പിന്നിൽ സി.പി.എമോ എന്ന ചോദ്യവും?  ഇതിന് പിന്‍ബലമേകി ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതില്‍ കൂടുതലും ശ്രദ്ധ നേടിയത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ടും തൃപ്തിദേശായിയും ഒരുമിച്ചുള്ള ഫോട്ടോകൾ ആയിരുന്നു.  ഇന്ന് വീണ്ടും തൃപ്തി ദേശായി എത്തുമ്പോള്‍ ചിത്രങ്ങളും വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയാണ്.  ചിത്രങ്ങള്‍ തന്നെ സംസാരിക്കുമ്പോൾ വാക്കുകൾക്കെന്ത് പ്രസക്തി.

വളരെ പരിചിതമായ രണ്ട് വ്യക്തികളുടെ സൗഹൃദ നിമിഷങ്ങളുടെ ചിത്രത്തിന് പക്ഷേ കേരളത്തിന്‍റെ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. ശബരിമല പ്രവേശനത്തിനായുള്ള തൃപ്തി ദേശായിയുടെ വരവ് സിപിഎമ്മിന്‍റെ ഗൂഡാലോചനയുടെ ഫലമാണെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത് അരക്കിട്ടുറപ്പിക്കാൻ പോന്ന തരത്തിലാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ആർഎസ്എസ് സഹചാരി എന്ന് സഖാക്കൾ തന്നെ പറയുന്ന ആക്ടിവിസ്റ്റായ തൃപ്തി ദേശായിയുമായുള്ള സ്വകാര്യ സൗഹൃദ കൂടിക്കാഴ്ചയെന്നും സൈബര്‍ലോകം പറയുന്നു.

ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നായ പൂനെയിലെ മഹാരാഷ്ട്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി മികച്ച യുവ നിയമസഭാ സാമാജികർക്കുള്ള അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച.

ഇരുവരുടെയും സൗഹൃദം വാര്‍ത്തയായതിനൊപ്പം തന്നെ ആദര്‍ശ് യുവ വിധായക് സമ്മാന്‍ അവാര്‍ഡ് ലഭിച്ച വീണാ ജോര്‍ജ് എം.എല്‍.എ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലും തൃപ്തി ദേശായിയുടെ സാന്നിധ്യം ഉണ്ടായിരുന്നതിന്‍റെ ദൃശങ്ങളും അന്ന് പ്രചരിച്ചിരുന്നു.

ആര്‍.എസ്.എസ് സഹചാരിയെന്ന് സി.പി.എമ്മുകാര്‍ തന്നെ പറയുന്ന തൃപ്തി ദേശായി സി.പി.എമ്മിന്‍റെ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന വേദികളില്‍ സജീവ സാന്നിധ്യമാകുന്നതിനെ ചോദ്യങ്ങളോടെയാണ് പൊതുജനങ്ങള്‍ സ്വീകരിച്ചത്.

ഇക്കുറി തൃപ്തി ദേശായി എത്തിയപ്പോള്‍ സ്വീകരിച്ച് ശബരിമലയിലേയ്ക്ക് ഒപ്പം പോകാന്‍ കഴിഞ്ഞ തവണ മലകയറിയ ബിന്ദു അമ്മിണിയും എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച  ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി മന്ത്രിമാരെ കണ്ടിരുന്നു. ഇതും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ അന്ന് സൈബര്‍ ലോകം ആരോപിച്ചത് പോലെ ഇക്കുറിയും ശാന്തമായിരിക്കുന്ന ശബരിമലയെ യുവതീ പ്രവേശനത്തിന്‍റെ പേരില്‍ കലുഷിതമാക്കുന്നതിനും രാഷ്ട്രീയം നേട്ടം കൊയ്യുന്നതിനുമായി സി.പി.എം നടത്തുന്ന നാടകങ്ങളിലെ പ്രധാന അംഗമായിരുന്നോ തൃപ്തി ദേശായി എന്ന് പിന്നെയും സംശയിക്കേണ്ടി വരും.

ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി പോലീസിലെയും സര്‍ക്കാരിലെയും ഉന്നതരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് അന്ന് മടങ്ങിയിരുന്നു. ഇപ്പോള്‍ ഒരു രണ്ടാം വരവ്, അതും കോടതി ഉത്തരവ് ഉണ്ടെന്നും തടഞ്ഞാല്‍ സര്‍ക്കാര്‍ എഴുതി നല്‍കണമെന്നും മറ്റും പറയുകയും കൊച്ചിയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളും ചൂണ്ടിക്കാട്ടി സൈബര്‍ ലോകം വീണ്ടും സിപഎമ്മിന്‍റെ കള്ളക്കളിക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍ തെറ്റ് പറയാനാകുമോ..?

cpmSabarimalaBrinda KaratTripthi Desai
Comments (0)
Add Comment