‘എന്‍റെ പോരാട്ടം ഡാറ്റ സംരക്ഷണത്തിനായി’; ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് അനില്‍ ആന്‍റണി

Jaihind News Bureau
Monday, April 20, 2020

സൈബര്‍ ഇന്ത്യ എന്ന സംഘടനയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ അനില്‍ ആന്‍റണി. ഇന്ത്യയിലും യു.എസിലും നിന്നുളള സൈബർ – ഡാറ്റ രംഗത്തെ വിദഗ്ധരടങ്ങുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് സൈബർ ഇന്ത്യയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സംഘടനയുടെ പ്രധാന പ്രവർത്തനം ഊന്നുന്നത് സാങ്കേതിക നയങ്ങൾ രൂപീകരിക്കുക, വ്യക്തിഗത ഡാറ്റ വ്യക്തികളോ വ്യാജ കമ്പനികളോ ദുരുപയോഗം ചെയ്യുന്നതും മോഷ്ടിക്കുന്നതും തടയാനുള്ള ഉപാധികൾ ആരായുക എന്നിവയിലാണ്. സംഘടനയിൽ തന്‍റെ ദൗത്യം ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനവും സംയോജനവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘സംഘടനയുടെ മാർഗവും പ്രവൃത്തിയും എന്നും ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതും അതുവഴി ജനാധിപത്യ ലോകത്തുടനീളം വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതുമാണ്. ഏറെ വിചിത്രമായി തോന്നുന്നത്, നാളിതുവരെയുള്ള പ്രൊഫഷണൽ ജീവിതത്തിൽ സഹപ്രവർത്തകർക്കൊപ്പം ഡാറ്റ സംരക്ഷണത്തിനായി പോരാടി പ്രവർത്തിച്ചു വരുന്ന എന്നെ, ഡാറ്റ മോഷണത്തിനു പ്രതികൂട്ടിലായവർ ആത്മരക്ഷയ്ക്കായി വലിച്ചിഴക്കാൻ ശ്രമിക്കുന്നുവെന്നതാണ്.’-അനില്‍ ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഞാൻ ഭാഗഭാക്കായിരുന്ന സൈബർ ഇന്ത്യ എന്ന നയരൂപീകരണ തിങ്ക് ടാങ്കുമായി ബന്ധപ്പെട്ട് ഏതാനും ഗ്രൂപ്പുകളിൽ ചില ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

കഴിഞ്ഞ പതിമൂന്ന് വർഷമായി ഞാൻ സാങ്കേതിക വൈജ്ഞാനിക ഇടങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രഫഷണൽ ആണ്. ലോകത്തെ നൂതനാശയങ്ങളുടെ കലവറയായ, വിവരസാങ്കേതിക മേഖലകളിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഞാൻ ബിരുദം നേടിയത്. അതിനു ശേഷം മികവുറ്റ ടെക്നോളജി കമ്പനികളായ സിസ്കോ സിസ്റ്റംസ്, ബിസീം കമ്മ്യൂണിക്കേഷൻസ്(പിന്നീട് ബ്രോഡ് കോം ലിമിറ്റഡ് ഏറ്റെടുത്തു) , ഗ്രാന്റ് തോൺടൺ എൽ.എൽ.പി എന്നിവടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

തുടർന്ന് നിരവധി സാങ്കേതിക വേദികളുടെ ഭാഗമായി. നയരൂപീകരണ തിങ്ക് ടാങ്കായ സൈബർ ഇന്ത്യ അതിലൊന്നാണ്. 2017 മുതൽ 2019 വരെ ഞാൻ ഈ സംഘടനയുടെ അംഗം ആയിരുന്നു. പിന്നീട് മറ്റു ചില തിരക്കുകൾ മൂലം മനസില്ലാമനസോടെ മാസങ്ങൾക്കു മുൻപ് രാജിവെച്ചൊഴിയുകയായിരുന്നു.

ഇന്ത്യയിലും, യു.എസിലും നിന്നുളള സൈബർ – ഡാറ്റ രംഗത്തെ വിദഗ്ധരടങ്ങുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് സൈബർ ഇന്ത്യ. ഇത് ഒരു ‘ഫോർ പ്രോഫിറ്റ്’ സ്ഥാപനം അല്ല. ഒരു ‘നോൺ ഫോർ പ്രോഫിറ്റ്’ നയരൂപീകരണ തിങ്ക് ടാങ്കാണ്. ഡാറ്റ സംരക്ഷണം എന്ന ആശയം മുൻനിർത്തി ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രചാരണവും, അവബോധം വളർത്താനുള്ള പരിപാടികളും സൈബർ ഇന്ത്യ സംഘടിപ്പിച്ചു പോന്നിട്ടുണ്ട്.

വിവിധ സ്ഥാപനങ്ങൾക്ക് ഡാറ്റകളുടെ സ്വകാര്യതക്കും, സംരക്ഷണത്തിനു മുതകുന്ന നിയമ നിർദ്ദേശങ്ങളും, ആശയങ്ങളും കൈമാറിയിരുന്നു.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ (PDP ബിൽ 2019) അടുത്തിടെ കേന്ദ്ര ഗവർമ്മെന്റ് തയ്യാറാക്കി പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നു. എന്റെ മുൻ സഹപ്രവർത്തകരുടെ പല വിലയേറിയ നിർദ്ദേശങ്ങളും ഈ ബില്ലിന്റെ ആത്മാംശങ്ങളായി മാറിയുട്ടുണ്ട് എന്നത് അഭിമാനകരമാണ്.

സംഘടനയുടെ പ്രധാന പ്രവർത്തനം ഊന്നുന്നത് സാങ്കേതിക നയങ്ങൾ രൂപീകരിക്കുക, വ്യക്തിഗത ഡാറ്റ വ്യക്തികളോ വ്യാജ കമ്പനികളോ ദുരുപയോഗം ചെയ്യുന്നതും മോഷ്ടിക്കുന്നതും തടയാനുള്ള ഉപാധികൾ ആരായുക എന്നിവയിലാണ്. സംഘടനയിൽ എന്നിലർപ്പിതമായിരുന്ന ദൗത്യം ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനവും സംയോജനവുമായിരുന്നു.

കൃത്യമായി പറഞ്ഞാൽ കേരളത്തിലെ സ്പ്രിംഗ്ളർ കമ്പനിയുടെ ഡാറ്റ മോഷണം പോലുള്ള നടപടികളെ തടയുവാനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്രതല കോൺഫറൻസുകളിൽ പങ്കെടുക്കാനവസരമുണ്ടായിട്ടുണ്ട് .

മൂന്ന് മുൻനിര രാജ്യങ്ങൾ – ജപ്പാൻ, ഓസ്ട്രേലിയ, ജർമ്മനി , എന്റെ പ്രൊഫഷണൽ രംഗത്തെ പ്രവർത്തനങ്ങളെ അനുമോദിച്ചുകൊണ്ടു എന്നെ വിവിധ യുവനേതാക്കളുടെ പട്ടികകളിൽ പല വർഷങ്ങളിലായി ഉൾപ്പെടിത്തിയിട്ടുണ്ട്.

നമ്മുടെ മാർഗ്ഗവും പ്രവൃത്തിയും എന്നും ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക. അതു വഴി ജനാധിപത്യ ലോകത്തുടനീളം വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്.

ഏറെ വിചിത്രമായി തോന്നുന്നത്, നാളിതുവരെയുള്ള പ്രഫഷണൽ ജീവിതത്തിൽ സഹപ്രവർത്തകർക്കൊപ്പം ഡാറ്റ സംരക്ഷണത്തിനായി പോരാടി പ്രവർത്തിച്ചു വരുന്ന എന്നെ, ഡാറ്റ മോഷണത്തിനു പ്രതികൂട്ടിലായവർ ആത്മരക്ഷക്കായി വലിച്ചിഴക്കാൻ ശ്രമിക്കുന്നുവെന്നതാണ്.