സൈബർ അധിക്ഷേപം; അച്ചു ഉമ്മന്‍റെ പരാതിയില്‍ ഇടതു സംഘടനാ നേതാവിനെതിരെ കേസെടുത്ത് പോലീസ്

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ പോലീസ് കേസെടുത്തു. അച്ചു ഉമ്മന്‍റെ പരാതിയെ തുടർന്നാണ്  ഇടതു സംഘടനാ നേതാവായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തത്. അച്ചു പരാതി നൽകിയതിന് പിന്നാലെ നന്ദകുമാർ മാപ്പപേക്ഷിച്ചിരുന്നു.

സൈബർ അധിക്ഷേപത്തെ തുടർന്ന് വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സൈബർ അധിക്ഷേപത്തിൽ ഇടതു സംഘടനാ നേതാവിനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ
ജാമ്യം ലഭിക്കുന്ന വകുപ്പുകൾചുമത്തിയാണ് പൂജപ്പുര പോലീസ് കേസെടുത്തിട്ടുള്ളത്. അച്ചു പരാതി നൽകിയതിന് പിന്നാലെ നന്ദകുമാർ മാപ്പപേക്ഷിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമം തുടർന്നതോടെയാണ് അച്ചു നിയമ നടപടി ആരംഭിച്ചത്.

ആദ്യം ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്‍റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്‍ഡിലുകൾ മുഖേന വ്യക്തിഹത്യ തുടരുകയായിരുന്നു. ജോലിയെയും പ്രൊഫഷനെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തതോടെയാണ് അച്ചു സൈബർ പോരാളികൾക്കെതിരെ
പരാതി നൽകിയത്.

സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ തെളിവ് സഹിതമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് താൻ നിയമനടപടി കൈക്കൊള്ളുന്നതെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.

Comments (0)
Add Comment