ജനങ്ങളുടെ കൈകളിൽ പണം എത്തിക്കാൻ നടപടികൾ കൈക്കൊള്ളണം; അതിർത്തി വിഷയത്തിൽ ഉൾപ്പെടെ പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

Jaihind News Bureau
Tuesday, June 23, 2020

ഗാൽവൻ സംഘർഷം, കൊവിഡ് പ്രതിസന്ധി, ഇന്ധന വിലവർധന എന്നിവയിൽ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. കിഴക്കൻ ലഡാക്ക് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇത് സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വം. ഇന്ധന വില വർധനവിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ കൂടുതൽ സൗകര്യം ഒരുക്കണം. ജനങ്ങളുടെ കൈകളിൽ പണം എത്തിക്കാൻ നടപടികൾ കൈക്കൊള്ളണം എന്നും പ്രവർത്തക സമിതി പ്രമേയം.

രാജ്യം നേരിടുന്ന പ്രതിസന്ധികൾ വിശദമായി തന്നെ കോണ്‍ഗ്രസ് പ്രവർത്തക സമിതി ചർച്ച ചെയ്തു. ഗൽവാൻ സംഘർഷം, കൊവിഡ് പ്രതിസന്ധി, ഇന്ധന വിലവർധന എന്നിവയിൽ കോൺഗ്രസ് പ്രവർത്തക സമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി. കിഴക്കൻ ലഡാക്കിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട വീര ജവാന്മാർക്ക് പ്രവർത്തക സമിതി ആദരാഞ്ജലി അർപ്പിച്ചു. അതിർത്തിയിലെ സംഘർഷത്തിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. പ്രധാനമന്ത്രി പറഞ്ഞതു പോലെ ചൈനയുടെ കടന്നു കയറ്റം ഉണ്ടായിട്ടില്ലെങ്കിൽ പിന്നീട് വിശദീകരണവുമായി കേന്ദ്രം രംഗത്തു വന്നത് എന്തിനെന്ന് പ്രവർത്തക സമിതി പാസാക്കിയ പ്രമേയം ചോദിക്കുന്നു.

കിഴക്കൻ ലഡാക്ക് രാജ്യത്തിന്‍റെ അഭിവാജ്യഘടകമാണ്. ഇവിടെ ഒരു കടന്നു കയറ്റവും അനുവദിക്കാൻ പാടില്ല. ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യം കടന്നു കയറിയോ? കടന്ന് കയറി എങ്കിൽ അതിൽ കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രി വിവരിക്കണം.

ഇന്ധന വില വർധവിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. 17 ദിവസമായി തുടർച്ചയായി വില വർധിക്കുന്നു. നികുതി വർധനയിലുടെ സർക്കാർ ഉണ്ടാക്കുന്ന കൊള്ള ലാഭം ജനോപകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്ന് പ്രവർത്തക സമിതി പ്രമേയം വിമർശിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ കൈകളിൽ പണം എത്തിക്കണം. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിൽസക്ക് നിശ്ചിത ചട്ടക്കൂട് നിശ്ചയിക്കുകയും കൊവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് ഒഴിവാക്കണം എന്നും പ്രവർത്തക സമിതി പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.