കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, January 13, 2019

കേന്ദ്ര വിജിലൻസ് കമ്മീഷനെ പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ സർക്കാർ ഏജൻറായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി ആരോപിച്ചു. പ്രാദേശിക പാർട്ടികളുമായുള്ള  മുന്നണിയെ പരിഹസിച്ച മോദിക്കും അദ്ദേഹം മറുപടി നൽകി.

രാകേഷ് അസ്താനയെ സംരക്ഷിക്കാനായി സി.വി.സി പ്രവർത്തിക്കുന്നു. പൊതു താൽപര്യമാണ് അസ്താനയുടെ താൽപര്യമല്ല സംരക്ഷിക്കേണ്ടതെന്നും സി.വി.സിയെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഒക്ടോബർ 23 രാത്രി നടന്നത് വലിയ ഗൂഢാലോചനയാണ്. സി.വി.സി റിപ്പോർട്ടിലുള്ളത് അസ്താനയുടെ ആരോപണങ്ങളാണ്. കേന്ദ്ര സർക്കാരിന് വേണ്ടി അസ്താനയെ സി.വി.സി പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത് ഭരണഘടനയുടെ  ലംഘനമാണെന്നും രാജ്യത്ത് വിജിലൻസ് കമ്മീഷണർ ഇല്ലാത്ത അവസ്ഥയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

റഫാൽ അഴിമതി ഒളിപ്പിക്കാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശ്രമിക്കുന്നത്. റഫാലിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇരുപതോളം ചോദ്യങ്ങൾ ഉന്നയിച്ചു എന്നാല്‍ ഒന്നിനും ഉത്തരം ലഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.