കണ്ണൂർ : അവനവന്റെ അന്തസ് ശിരഛേദം ചെയ്ത് പാർട്ടി കോൺഗ്രസിൽ ആശംസ നേരുന്നതല്ല എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയെന്ന് സി.വി ബാലകൃഷ്ണൻ. എന്റെ നട്ടെല്ല് ഒരു കണ്ടപ്പനും ഞാൻ ഊരിക്കൊടുത്തിട്ടില്ലെന്ന് പറഞ്ഞ എൻ.എൻ കക്കാടിന്റെ ഭാഷയിൽ ഇക്കാലത്ത് പറയാൻ എത്ര എഴുത്തുകാർക്ക് കഴിയുമെന്ന് നമ്മൾ ചിന്തിക്കണം.
സാഹിത്യസദസിലെ തിളങ്ങുന്ന താരങ്ങളെന്ന് നമ്മള് വിളിക്കുന്നവരില്‍ പലരും കരിക്കട്ടകളാണ്. ശ്രേഷ്ഠ പദവികള്‍ക്ക് വേണ്ടി സ്തുതിവാചകങ്ങള്‍ എഴുതേണ്ടവരല്ല സാഹിത്യകാരന്മാര്. വികസനം കെ റെയിൽ വഴി വന്നാലും തന്റെ തന്നെ അന്തസ് ശിരഛേദം ചെയ്യപ്പെട്ടാലും പദവികളെ മാത്രം വച്ച് അവനവനിലേക്ക് ചുരുങ്ങി പോകുന്ന ദുര്യോഗം മാറേണ്ടതുണ്ട്. മുട്ടുകുത്തി നിൽക്കാൻ പറഞ്ഞാൽ നിലത്തിഴയുന്നവരായി എഴുത്തുകാർ മാറുന്നത് പരിതാപകരമാണെന്നും സി.വി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ പയ്യന്നൂർ സർഗജാലകം സംഘടിപ്പിച്ച ‘സി.വിയുടെ എഴുത്തിന്റെ അമ്പത്തിയേഴ് ആണ്ടുകൾ’ സംവാദത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.