കൂടത്തായി കൊലപാതക പരമ്പര : പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

Jaihind News Bureau
Thursday, October 10, 2019

കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കോടതി ഉത്തരവ് പ്രകാരം പ്രതികളെ ഇന്ന് ഹാജരാക്കാനും . ജോളിയുമായി അടുത്ത ബന്ധമുള്ള ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ജോൺസണെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ രാവിലെ പത്ത് മണിയോടെ കോടതിയിൽ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ.

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണെന്ന് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. രണ്ടാം പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.