ഡോളര്‍ കടത്ത് കേസ് : സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനെ  കസ്റ്റംസ് ചോദ്യംചെയ്യും

Jaihind News Bureau
Friday, January 29, 2021

കൊച്ചി : ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനെ  കസ്റ്റംസ് അടുത്തയാഴ്‌ച ചോദ്യം ചെയ്യും. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായാണ് സ്പീക്കറുടെ മൊഴിയെടുക്കുക എന്നാണ് സൂചന. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.

യുഎഇ കോണ്‍സുലേറ്റ് മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിര്‍ണായക നടപടികള്‍. ശ്രീരാമകൃഷ്ണനെതിരെ നേരത്തെ കേസിലെ പ്രതികൾ കസ്റ്റംസിന് നൽകിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടർ നടപടികളുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസ് തീരുമാനം. വിദേശത്ത് വിദ്യാഭ്യാസ മേഖലയില്‍ സ്‌പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ സ്‌പീക്കറുടെ സുഹൃത്ത് നാസ് അബ്‌ദുളളയെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. കുടാതെ മസ്ക്കറ്റിൽ വിദ്യഭ്യാസ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി കിരണിനെയും കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നാസിന്‍റെ പേരിലുളള സിം സ്‌പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്‌പീക്കര്‍ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം. നയതന്ത്ര കളളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു.

നേരത്തെ സ്പീക്കര്‍ തന്നെ ഈ സിം താൻ ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാര്‍ഡ് എടുക്കുമ്പോള്‍ തന്‍റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നാസിന്‍റെ പേരിലുളള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ച്‌ സിം കാര്‍ഡ് എടുത്തതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ വച്ച്‌ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്‍റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്.

കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്‌പീക്കര്‍ക്കെതിരെ നിര്‍ണായകമായി മാറിയത്. വിദേശത്തേക്ക് 1.91 ലക്ഷം അമേരിക്കൻ ഡോളർ കടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടത്തിയത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ കള്ളക്കടത്ത് കേസിൽ നിയമസഭാ സ്പീക്കറെ ചോദ്യം ചെയ്യുന്നത് സിപിഎമ്മിനും ഇടതുമുന്നണിക്കും തിരിച്ചടിയായി മാറുമെന്നുറപ്പാണ്.