രണ്ട് വിദേശയാത്രകളുടെ രേഖകൾ കെ.ടി. ജലീല്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്

Jaihind News Bureau
Tuesday, November 10, 2020

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ മന്ത്രി കെ.ടി. ജലീലിനോട് രണ്ട് വിദേശയാത്രകളുടെ രേഖകൾ ചോദിച്ച് കസ്റ്റംസ്. വിവിധ ചടങ്ങളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകൾ ഹാജരാക്കാനാണ് മന്ത്രിക്ക് കസ്റ്റംസ് നിർദേശം നൽകിയത്.

ഡിപ്ലോമാറ്റിക്ക് ബഗേജ് വഴി വിദേശത്ത് നിന്നും എത്തിയ മതഗ്രന്ഥം വിതരണം ചെയ്യാന്‍ ഏറ്റുവാങ്ങിയതിൻ്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സി–ആപ്റ്റിലെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി ഇന്നലെ നടന്ന കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ആറര മണിക്കൂറിലേറെ മന്ത്രിയെ വിശദമായി ചോദ്യം ചെയ്ത കസ്റ്റംസ് സംഘം മന്ത്രി കെ.ടി.ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നൽകി. ഷാർജയിൽ നടന്ന പുസ്തകമേളയിലും ദുബായിൽ നടന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പൂർവവിദ്യാർഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം ചോദിച്ചിരിക്കുന്നത്. ഈ രണ്ട് യാത്രകളും മുൻകൂർ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി. മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവു നല്‍കിയത് കസ്റ്റംസുമാണെന്നിരിക്കെ വിതരണം ചെയ്തതിന്‍റെ ഉത്തരവാദിത്തം മാത്രമെ തനിക്കുള്ളു എന്നായിരുന്നു മന്ത്രിയുടെ മറുപടി. നികുതി ഇളവോടെ ഇറക്കുമതി ചെയ്ത മതഗ്രന്ഥം കോൺസുലേറ്റിനു പുറത്തു വിതരണം ചെയ്യുന്നത് പ്രോട്ടോകോൾ ലംഘനം ആണെന്ന് അറിഞ്ഞിരുന്നില്ലേ എന്ന് കസ്റ്റംസ് ചോദിച്ചപ്പോൾ 25 ജീവനക്കാര്‍ മാത്രമുള്ള കോണ്‍സുലേറ്റിലേക്ക് എണ്ണായിരത്തില്‍പ്പരം മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു മറുപടി.

32 മതഗ്രന്ഥങ്ങൾ വീതമുള്ള 32 പാക്കേജുകളാണ് സിആപ്റ്റിലെത്തിച്ചത്. ഇതിൽ, ഒരെണ്ണം മാത്രമാണു പൊട്ടിച്ചത്. അന്വേഷണ ഏജൻസികൾ കൊണ്ടുപോയത് ഒഴിച്ചുള്ളവയെല്ലാം തിരിച്ചു വാങ്ങി ഭദ്രമായി കെട്ടി വച്ചിട്ടുണ്ടെന്നും ജലീൽ കസ്റ്റംസിനോട് പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഇത് തിരികെ നൽകാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.ജലീലിൻ്റെ മൊഴി വിശദമായി പഠിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസിൻ്റെ തീരുമാനം.