സ്വർണക്കടത്ത് : എം. ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; എന്‍ഐഎയും അറസ്റ്റ് ചെയ്തേയ്ക്കും

Jaihind News Bureau
Tuesday, November 24, 2020

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ്. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, സ്വർണക്കടത്തു കേസിൽ മഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഐഎയും കേസെടുത്തേക്കും. കസ്റ്റംസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും യുഎപിഎ ചുമത്തി എൻഐഎ കേസെടുക്കുക.

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ ശിവശങ്കറിന്‍റെ പങ്ക് സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്‍റിന് നൽകിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കറിനെ അറസ്റ്റ്‌ചെയ്യാൻ കോടതി കസ്റ്റംസിന് അനമതി നൽകിയതിന് പിന്നാലെയണ് യുഎപിഎ ചുമത്തി കേസെടുക്കാൻ എൻഐഎയും ഒരുങ്ങുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ മൂന്നുതവണയാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വപ്നയെയും സന്ദീപിനയും ആദ്യഘട്ടത്തിൽ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ശിവശങ്കറിന്‍റെ മൊഴിയും തമ്മിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു. സ്വപ്നക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ ആദ്യ മൊഴി. എന്നാൽ എൻഐഎ വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ എൻഐഎ വീണ്ടും ചോദ്യംചെയ്യും.