സ്വർണകടത്ത് കേസ് : സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴികളില്‍ വൻ സ്രാവുകളെക്കുറിച്ച് പരാമർശം; എം. ശിവശങ്കർ ഏഴ് ദിവസം കസ്റ്റംസ് കസ്റ്റഡിയിൽ

Jaihind News Bureau
Tuesday, December 1, 2020

 

കൊച്ചി : വിദേശത്തേക്ക് ഡോളർ കടത്തിയ സംഭവത്തിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴികളിൽ വൻ സ്രാവുകളെ കുറിച്ചുള്ള പരാമർശമുണ്ടെന്ന് കോടതി. അതേസമയം സ്വർണ്ണക്കടത്ത് കേസില്‍ റിമാൻ്റിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസത്തേയ്ക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യമാണ് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അംഗീകരിച്ചത്.

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ ശിവശങ്കറിനെ എറണാകുളം എസിജെഎം കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. തുടർന്ന് കസ്റ്റംസ് സംഘം ഏഴ് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റിമാന്‍റിൽ കഴിയുന്ന മുഖ്യ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളില്‍ വമ്പന്‍ സ്രാവുകളെ കുറിച്ച്‌ പരാമര്‍ശമുണ്ട്. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തി. ഇവര്‍ക്ക് യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ശക്തമായ ബന്ധമുണ്ട്. ശിവശങ്കറിനെ രക്ഷിക്കാനായി സ്വപ്ന ആദ്യം കള്ളമൊഴി നല്‍കുകയായിരുന്നു എന്നും ശിവശങ്കര്‍ കള്ളക്കടത്തിന് ഒത്താശ ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യ മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വമ്പൻമാരുടെ പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ഇവര്‍ക്കൊപ്പമുള്ള ചോദ്യം ചെയ്യലില്‍ ഡോളര്‍ കരിഞ്ചന്തയില്‍ വാങ്ങുന്നതിനായി സഹായിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. സ്വപ്ന, സരിത്, ശിവശങ്കര്‍ എന്നിവരെ ഒരേ സമയം കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ തുടരന്വേഷണത്തിന് സഹായകരമാകുന്ന നിരവധി വിവരങ്ങള്‍ ലഭിച്ചതായാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാൽ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസം കൂടുമ്പോള്‍ സമര്‍പ്പിക്കണമെന്ന് കസ്റ്റംസിനോട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നിര്‍ദേശിച്ചു.