അപായപ്പെടുത്താൻ ശ്രമമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാർ

Jaihind News Bureau
Friday, February 12, 2021

സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്‍റെ തലവനെ അപായപ്പെടുത്താൻ ശ്രമം. കൊടുവള്ളിയിൽ വെച്ച് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിന് നേരെയാണ് അക്രമണമുണ്ടായത്.

കൽപ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങുന്ന വഴി കൊടുവള്ളിയിൽ വെച്ചാണ് അക്രമണമുണ്ടായത്. തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും അക്രമണത്തിന് പിന്നിൽ ഗൂഢസംഘമാണെന്നും സുമിത് കുമാർ തന്നെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ഏതാനും പേർ ബൈക്കിലും കാറിലുമായെത്തിയ ഒരുസംഘം തന്‍റെ വാഹനം തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സുമിത് കുമാർ പറയുന്നത്. തന്‍റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കസ്റ്റംസിന്‍റെ വിവിധ യൂണിറ്റുകൾ അന്വേഷണം നടത്തുന്നുണ്ടെന്നും സുമിത് കുമാർ വ്യക്തമാക്കി. അതേസമയം ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്പി പറഞ്ഞു.