സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു; ശിവശങ്കർ 29-ാം പ്രതി

Jaihind Webdesk
Friday, October 22, 2021

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസിൽ ആരെയും മാപ്പുസാക്ഷികളാക്കിയിട്ടില്ല. സരിത്താണ് കേസിലെ ഒന്നാം പ്രതി. എം ശിവശങ്കർ കേസിലെ 29–ാം പ്രതിയാണ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്.

സ്വപ്ന, സരിത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും സ്വർണ്ണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനുണ്ടായിരുന്നു. ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കർ സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ മറ്റേതെങ്കിലും തരത്തിൽ ശിവശങ്കർ സ്വർണ്ണക്കടത്തിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടില്ല.

സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടുവെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. എന്നാല്‍ കസ്റ്റംസ് കണ്ടെത്തലില്‍ ഇക്കാര്യങ്ങളില്ല. കസ്റ്റംസ് കണ്ടെത്തല്‍ അനുസരിച്ച് സ്വർണ്ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകനായ കെടി റമീസ് 21 തവണ നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തി. ആകെ 169 കിലോ സ്വർണമാണ് ഇങ്ങനെ കടത്തിയത്.  റമീസ് പിന്നീട് നിക്ഷേപകർക്ക് ഈ സ്വര്‍ണ്ണം നൽകി.  ഇവർ വിവിധയിടങ്ങളിലെ ജ്വല്ലറികളിൽ സ്വർണ്ണം വിറ്റു.  സ്വർണ്ണം ഉരുപ്പടിയാക്കി വിറ്റു പോയതിനാൽ വീണ്ടെടുക്കാനായില്ലെന്നും എന്നാൽ സ്വർണ്ണം പോയ വഴിയും ഇടപാടുകാരെയും തിരിച്ചറിഞ്ഞതായി കസ്റ്റംസ് വ്യക്തമാക്കുന്നു.

സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത അറ്റാഷെയും കോൺസുൽ ജനറലും നിലവിൽ പ്രതികളല്ല. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിക്ക് കാത്തു നിൽക്കുകയാണെന്ന് കസ്റ്റംസ് പറയുന്നു. സ്വർണക്കടത്തിന് ഒത്താശയും സഹായവും ചെയ്ത സ്വപ്ന സുരേഷും പിആർ സരിത്തും സന്ദീപ് നായരും അതിൽ നിന്നുള്ള ലാഭം കൈപ്പറ്റിയെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സ്വർണ്ണക്കടത്തിന്‍റെ മറ്റൊരു ഇടനിലക്കാരനായ ഫൈസൽ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.