കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Jaihind Webdesk
Wednesday, October 25, 2023


കൊച്ചി തോപ്പുംപടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പത്തനംതിട്ട മാരാമണ്‍ സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിനയിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഇന്ദിരാഗാന്ധി റോഡില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ഐലന്‍ഡിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ വിനയ് മാത്യുവിന്റെ ബൈക്കിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. 30 മീറ്ററോളം അകലെയാണ് ബൈക്ക് തെറിച്ചു വീണത്. വിനയ് മാത്യു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്റെ മുന്‍വശവും തകര്‍ന്നു. കസ്റ്റംസ് ഇന്‍സ്‌പെക്ടറായ പങ്കജ് കുമാര്‍ വര്‍മയാണ് കാര്‍ ഓടിച്ചിരുന്നത്. സ്റ്റെനോഗ്രാഫര്‍ അന്തരീക്ഷ് ദാഗെയും കൂടെയുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് വിവരം. ഇരുവരെയും ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന ഫലം പുറത്തു വന്നാല്‍ മാത്രമേ ഇരുവരും മദ്യലഹരിയിലായിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ.