‘അധികാര ഇടനാഴിയില്‍ വലിയ സ്വാധീനമുള്ളയാള്‍’; സ്വപ്നക്കെതിരെ കസ്റ്റംസും

Jaihind News Bureau
Thursday, August 6, 2020

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെതിരായ കസ്റ്റംസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അധികാര കേന്ദ്രങ്ങളിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. അധികാര ഇടനാഴിയില്‍ വലിയ സ്വാധീനം ഉള്ളയാളാണ്  സ്വപ്നാ സുരേഷെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. കേരളാ പൊലീസിലും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധവും വലിയ സ്വാധീനവുമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച്‌ സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉന്നത ബന്ധങ്ങളും സ്വാധീനിക്കാനുള്ള കഴിവും സ്വപ്ന സ്വർണ്ണക്കടത്തിന് ഉൾപ്പെടെ ഉപയോഗപ്പെടുത്തിയതായി കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സ്വപ്നയുമായി ബന്ധമുള്ള വ്യക്തികളുടെ പേര് വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നില്ല.
സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്ന സുരേഷിനുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് സമർപ്പിച്ചത്.കേസിന്‍റെ തുടക്കത്തിൽ തന്നെ സ്വപ്നയുടെ ഉന്നത ബന്ധങ്ങളെ കുറിച്ച് പുറത്ത് വന്ന വാർത്തകൾ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും കോടതികളിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.