തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ന് താഴെയുളള പ്രദേശങ്ങളില്‍ കട തുറക്കാന്‍ അനുമതിയുണ്ട്. പുതിയ ഇളവനുസരിച്ച് ഇന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്ക്കുന്നിടങ്ങളില് നാളെ കടകള്‍ തുറക്കാനും അനുമതിയുണ്ട്.
പുതിയ ഇളവ് പ്രകാരം എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്ക് പുറമേ തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാന്‍സി കട, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി എട്ട് മണി വരെയാണ് പ്രവര്‍ത്തനാനുമതി. ഇന്ന് ഇളവില്ലാത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി വിഭാഗം പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ബക്രീദ് പ്രമാണിച്ചാണ് ഈ ഇളവുകള്‍.
എ, ബി വിഭാഗം പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം. എ, ബി വിഭാഗത്തില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ഷോപ്പുകളും തുറക്കുന്നതിന് പുറമെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാഷൂട്ടിംഗിനും അനുമതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും.