രണ്ടര വയസുകാരിയോട് കൊടുംക്രൂരത: ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു, ശിശുക്ഷേമ സമിതിയിലെ 3 ആയമാരെ അറസ്റ്റു ചെയ്തു

 

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ക്രൂരത. മൂന്ന് ആയമാർ അറസ്റ്റിൽ. ആയമാരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് മൂന്ന് ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്‍റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിലെ മുറിവ് ശ്രദ്ധയില്‍പെട്ടത്. പിന്നീട് മ്യൂസിയം പോലീസിൽ വിവരം അറിയിക്കുകയും തൈക്കാട് ആശുപത്രിയില്‍ കുട്ടിയെ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു. പോലീസ് എത്തി കുഞ്ഞിനെ പരിചരിച്ചിരുന്ന ആയമാരെ ചോദ്യം ചെയ്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Comments (0)
Add Comment