ദേവസ്വം ബോർഡിന് പിന്നാലെ ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തി സർക്കാരും. സുപ്രീം കോടതി അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആചാരസംരക്ഷണം വേണമെന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതിയ സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ് ദേവസ്വം ബോർഡ്.
ആചാരങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണച്ചേ സുപ്രീം കോടതിയിൽ നിലപാടെടുക്കൂവെന്നാണ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു വ്യക്തമാക്കിയിരുന്നത്.
സുപ്രീം കോടതിയിൽ എന്തു നിലപാടെടുക്കണമെന്ന് നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതീ പ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് എത്തിയത്. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയില്‍ നിലപാടറിയിക്കാന്‍ ദേവസ്വം ബോർഡിന്‍റെ അടിയന്തരയോഗം നാളെ ചേരും. സുപ്രീം കോടതിയിൽ ബോർഡ് പുതിയ സത്യവാങ്മൂലം നൽകാനാണ് സാധ്യത. ആചാരരാനുഷ്ഠാനങ്ങൾ വിലയിരുത്തിയാകും തീരുമാനമെടുക്കുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസു വ്യക്തമാക്കി.
യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലമാണ് പദ്മകുമാർ പ്രസിഡന്‍റായ ബോർഡ് പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ കോടതിയിൽ നൽകിയത്. ലോക്സഭാ തെരഞ്ഞെടുവിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ബോർഡും സർക്കാരും നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. വിശ്വാസികളുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാരിന്‍റെയും ബോർഡിന്‍റെയും ഇപ്പോഴത്തെ നിലപാട്.